അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പേരിൽ ദമ്പതികളെ തട്ടിപ്പിനിരകളാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പേരിൽ ദമ്പതികളെ തട്ടിപ്പിനിരകളാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ബിജുകുമാർ (36) ആണ് അറസ്റ്റിലായത്. ചെന്നൈ കേന്ദ്രീകരിച്ച് നാസ ആരംഭിക്കുന്ന ഡയറക്ട് കോൺട്രാക്ട് സ്‌പേസ് ടെക്‌നോളജി കമ്പനിയുടെ ഭാഗമാക്കാം എന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും റിട്ട. സർക്കാർ ഉദ്യോഗസ്ഥരുമായ ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്നും നാസയുടെ പേരും പറഞ്ഞ് പ്രതി 1.26 കോടി രൂപയും ഇരുപത് പവന്റെ ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി പ്രതി ഇതിന്റെ പേരിൽ ദമ്പതികളിൽ നിന്ന് തവണകളായി പണം വാങ്ങുകയായിരുന്നു.

നാസ ആരംഭിക്കുന്ന കമ്പനിയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മകനെ പങ്കാളിയാക്കുന്നതിനായാണ് ദമ്പതിമാർ പണം നൽകിയത്. തട്ടിപ്പ് നടത്തുന്നതിനായി ബിജുകുമാറിനെ സഹായിച്ച മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുമേഷ്,പ്രശാന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2015 ലാണ് ബിജുകുമാർ നാസയുടെ പേരും പറഞ്ഞ് തട്ടിപ്പ് ആരംഭിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ ബാങ്ക് വഴിയും നേരിട്ടുമായി കോടികൾ തട്ടുകയായിരുന്നു.