പത്താം ക്ലാസ്സ് വിദ്യാർത്ഥിയുടെ വാട്സാപ്പിലേക്ക് ലൈംഗീക ചുവയുള്ള സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പത്താം ക്ലാസ്സ് വിദ്യാർത്ഥി പഠനാവിശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ മുറിഞ്ഞിക്കൽ സ്വദേശി മനീഷ് (32) ആണ് അറസ്റ്റിലായത്. പോക്സോ നിയമ പ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ച് വയസുകാരൻ ഉപയോഗിക്കുന്ന ഫോണിലെ വാട്സാപ്പിലെക്കാണ് പ്രതി ലൈംഗീക ചുവയുള്ള സന്ദേശങ്ങൾ അയച്ചത്. വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്ക് വേണ്ടി വശീകരിക്കാൻ ശ്രമിച്ചതായും പോലീസ് പറയുന്നു. ഫെബ്രുവരി ഏഴാം തീയതി മുതലാണ് പ്രതി വിദ്യാർത്ഥിയുടെ മൊബൈലിലേക്ക് സന്ദേശം അയക്കാൻ ആരംഭിച്ചത്. ആദ്യമൊക്കെ കാര്യമാക്കിയില്ലെങ്കിലും ലൈംഗീക ചുവയുള്ള മെസേജുകൾ തുടർന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ ഫെബ്രുവരി 13 ന് രാത്രിയോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പതിനാലാം തീയതി രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.