അവധിയാണെന്ന കാര്യം മറച്ച്‌വെച്ച് വീട്ടിൽ നിന്നും ഇറങ്ങി, കൂട്ടുകാർക്കൊപ്പം കറങ്ങിയ വിവരം വീട്ടിലറിഞ്ഞു ; പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം : മാതാപിതാക്കൾ നോക്കി നിൽക്കെ കിണറ്റിൽ ചാടിയ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പത്തൂർ ഇടവട്ടം സ്വദേശികളായ ഷാൻ കുമാറിന്റെയും,ഉഷയുടെയും മകൾ നീലിമ (15) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയ വിവരം മാതാപിതാക്കൾ അറിഞ്ഞതിനെ തുടർന്ന് വഴക്ക് പറയുമെന്ന ഭയത്തിൽ പെൺകുട്ടി കിണറ്റിൽ ചാടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് നീലിമ, സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അവധി നൽകിയിരുന്നു. എന്നാൽ നീലിമ ഉൾപ്പടെ മൂന്ന് വിദ്യാർത്ഥികൾ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുകയും ക്ഷേത്ര പരിസരത്ത് കറങ്ങുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളെ ക്ഷേത്ര പരിസരത്ത് കണ്ട നാട്ടുകാർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് അധ്യാപകരെത്തി മൂന്ന് പേരെയും സ്‌കൂളിലേക്ക് കൂട്ടികൊണ്ട് പോകുകയും ചെയ്തു.

രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൂന്ന് പേരെയും വീട്ടിലേക്ക് അയച്ചത്. രക്ഷിതാക്കൾക്കൊപ്പം വീട്ടിലെത്തിയ നീലിമ വഴക്ക് പറയുമെന്ന് ഭയന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നു. മാതാപിതാക്കൾ നോക്കി നിൽക്കെ ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയ നീലിമയുടെ മൃതദേഹം ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.