സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കും. നിരക്ക് വർധനവ് ആവിശ്യപെട്ടാണ് ബസുടമകൾ സർവ്വീസ് നിർത്തുന്നത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവിശ്യം. കൂടാതെ വിദ്യാർത്ഥികളുടെ കൺസഷൻ ആറ് രൂപയാക്കി ഉയർത്തണമെന്നും ആവിശ്യപെട്ടാണ് സർവ്വീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കുന്നത്.

നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു ബസുടമകളുമായി ചർച്ച നടത്തുകയും ബസുടമകളുടെ ആവിശ്യം ന്യായമാണെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയൊന്നും സർക്കാർ സ്വീകരിച്ചില്ല സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി വൈകുന്നതിനാലാണ് സമരവുമായി മുന്നോട്ട് പോകാൻ ബസുടമകൾ തീരുമാനിച്ചത്.

അതേസമയം കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കാനും ബസ് ചാർജ് വർധിപ്പിക്കാനും ജസ്റ്റിസ് രാമചന്ദ്രൻ നായർ നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ബസ് ചാർജ് വർധന കൂടി ജനങ്ങൾക്ക് താങ്ങാനാവില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.