ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച അമ്മയും മകളും അറസ്റ്റിൽ

തിരുവനന്തപുരം : ബസ് യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ സബിത (47), സബിതയുടെ മകൾ അനുസിയ (25) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് യാത്ര ചെയ്യുകയായിരുന്ന കല്ലിയോട് സ്വദേശിനിയായ നസീമയുടെ മാലയാണ് ഇവർ പൊട്ടിക്കാൻ ശ്രമിച്ചത്. കഴുത്തിൽ കിടന്ന മാല പുറകിൽ നിന്ന് വലിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നസീമ തിരിഞ്ഞ് നോക്കിയപ്പോഴാണ് മാലപൊട്ടിക്കാൻ ശ്രമിച്ചതാണെന്ന് മനസിലായത്.

ബസിനകത്ത് ബോധപൂർവം തിക്കും തിരക്കും ഉണ്ടാക്കിയാണ് ഇവർ മാലപൊട്ടിക്കാനുള്ള ശ്രമം നടത്തിയത്. നസീമ ബഹളം വെയ്ക്കുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ സഹയാത്രികരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നെടുമങ്ങാട് പോലീസ് ഇൻസെപ്ക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ യുവതികളിൽ നിന്നും മാലകട്ട് ചെയ്യാനുപയോഗിക്കുന്ന കട്ടറുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.