അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ തന്നെ രാഹുലിനും,രഞ്ജിത്തിനും വീടുയർന്നു

നെയ്യാറ്റിൻകര : അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ തന്നെ രാഹുലിനും,രഞ്ജിത്തിനും വീടുയർന്നു. ഇരുവരുടെയും പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഈ മാസം 30 ന് നടക്കും. ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഫിലോകാലിയയാണ് വീട് നിർമ്മിച്ച് നൽകിയത്.


സ്വന്തമായി വീടും പറമ്പും ഇല്ലാത്ത രാജനും കുടുംബവും നേട്ടത്തോട്ടം കോളനിയിൽ അവകാശികൾ ഇല്ലെന്ന് കരുതിയ പറമ്പിൽ താൽക്കാലികമായി കുടിൽ കെട്ടി താമസിച്ച് വരികയായിരുന്നു. ഇതിനിടയിൽ അയൽവാസി പരാതി നൽകുകയും ഇതിനെ തുടർന്ന് കോടതി സ്ഥലം ഒഴിഞ്ഞ് കൊടുക്കാൻ ആവിശ്യപെടുകയും ചെയ്തിരുന്നു.

കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി പോലീസ് കുടിൽ പൊളിച്ചു നീക്കാൻ എത്തിയപ്പോൾ രാജനും ഭാര്യയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം അനാഥരായ രാഹുലിനും രഞ്ജിത്തിനും സംസ്ഥാന സർക്കാർ വീടുവെച്ച് നൽകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. വീട് വെയ്ക്കുന്നത് വൈകിയതോടെയാണ് സന്നദ്ധസംഘടന ഇടപെട്ട് ഇവർക്ക് വീട് നിർമിച്ച് നൽകിയത്.