മെട്രോയിൽ യാത്ര ചെയ്യാനെത്തിയ ട്രാൻസ്ജെൻഡറെ കറുപ്പ് വസ്ത്രം ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു ; വിവാദമായതോടെ വിട്ടയച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കറുത്ത മാസ്കിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം.

കറുത്ത മാസ്ക് ധരിച്ച് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ മാധ്യമ പ്രവർത്തകരോട് മാസ്ക് മാറ്റാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൂടാതെ കറുത്ത വേഷമിട്ടെത്തിയ ട്രാൻസ്ജെന്ഡറുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മെട്രോയിൽ യാത്ര ചെയ്യാനെത്തിയ ട്രാൻസ്ജെന്ഡറുകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു.

പ്രതിഷേധിക്കാനെത്തിയതല്ലെന്നും മെട്രോയിൽ കയറാനെത്തിയതാണെന്നും ട്രാൻസ്ജെന്ഡഴ്സ് പോലീസിനെ അറിയിച്ചെങ്കിലും ബലം പ്രയോഗിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.