അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചതിൽ വി എസ് ശിവകുമാർ ഒന്നാം പ്രതിയെന്ന് എഫ്.ഐ.ആർ

തിരുവനന്തപുരം: മുൻ മന്ത്രിയായ വി എസ് ശിവകുമാർ അനധികൃത സ്വത്ത്‌ സമ്പാദനത്തിൽ ഒന്നാം പ്രതിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലൻസ് കോടതിൽ എഫ് ഐ ആർ സമർപ്പിച്ചു. വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദനത്തെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ശിവകുമാറിനെ കൂടാതെ മറ്റ് നാല് പ്രതികളുമുണ്ട്. അദ്ദേഹത്തിന്റെ ബിനാമിയെന്ന് കരുതുന്ന ശാന്തിവിള രാജേന്ദ്രൻ, അഡ്വ എൻ എസ് ഹരികുമാർ, ഡ്രൈവറായ ഷൈജു ഹരൻ എന്നിവരെയും എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ശനിയാഴ്ചയാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവ് ഇട്ടത്. എം പി, എം എൽ എ എന്നി പദവികളിൽ ഇരുന്നുകൊണ്ട് ഇത്തരം പ്രവർത്തികൾ കാണിചെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി ചെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ശിവകുമാർ മന്ത്രിയായിരിക്കുമ്പോൾ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്നുള്ള പരാതിയെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ബന്ധുക്കളും ജീവനക്കാരുമടക്കമുള്ള ഏഴ് പേർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയും, നാല് പേർ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചെന്നു വിജിലൻസ് കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരഭിക്കുകയുമായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു