മീഡിയ വണ്ണിന്റെ വിലക്ക് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷമാക്കി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ചതിന് വിലക്ക് കിട്ടിയ മീഡിയ വണ്ണിന്റെ ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ചുള്ള ആഘോഷം നടത്തി. കേന്ദ്ര സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയും ഡൽഹി കലാപത്തിൽ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുമുള്ള വാർത്തകൾ പ്രചരിപ്പിച്ച മീഡിയ വണ്ണിനും ഏഷ്യാനെറ്റ്‌ ന്യൂസിനുമാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം 48 മണിക്കൂർ വിലക്കേർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ മീഡിയ വണ്ണിന്റെ നിഷാന്ത് റാവുത്തർ ആർ എസ് എസ് പ്രവർത്തകർ തോക്കുമായി നിൽക്കുന്ന ചിത്രം കാണിച്ചു കൊണ്ട് ആർ എസ് എസിനെ മുഴുവൻ വിമർശിക്കുന്ന തരത്തിൽ ചാനൽ ചർച്ച നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അതിനെ ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹൈന്ദവ സമൂഹത്തെ അപമാനിച്ച മീഡിയ വണ്ണും ചാനൽ അവതാരകനും മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അഡ്വ എസ് സുരേഷ് ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തിരുന്നു.

ഇരു ചാനലുകളുടെയും വ്യാജ പ്രചാരണങ്ങൾക്ക് വിലങ്ങിട്ടു കൊണ്ട് കേന്ദ്ര സർക്കാർ എടുത്ത നടപടിയെ ആഘോഷമാക്കിയിരിക്കുകയാണ് ബിജെപി പ്രവർത്തകർ. സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി ട്രോളുകളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വിലക്ക് പിൻവലിച്ചിട്ടുണ്ട്. രാജീവ്‌ ചന്ദ്രശേഖർ എം പിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. മീഡിയ വണ്ണിന്റെ വിലക്ക് തുടരുകയാണ്.