പുറത്ത് മാസ്കിന് ഇരട്ടി വില; ഇനി അകത്ത് നിന്നും നിർമ്മിച്ച മാസ്ക് പുറത്തേക്ക്

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണത്തിന്റെ ദൗത്യമേറ്റെടുത്തു കൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ മാസ്ക് കിട്ടാനില്ലെന്നും അന്യായ വില ഈടാക്കുന്നുവെന്നും പരാതി ഉയർന്നു വന്നിരുന്നു. തുടർന്ന് മാസ്കിനായി ആവശ്യക്കാർ കൂടിയപ്പോൾ ജയിലിൽ അധികൃതർ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ട് 2000 ത്തോളം മാസ്കുകളാണ് ജയിലിൽ തയ്യാറാക്കിയത്.

ജയിലിലെ ഇരുപതോളം വരുന്ന അന്തേവാസികളാണ് ഈ ധൗത്യത്തിനു പിന്നിൽ. രണ്ട് കളറുകളായി ടൂ ബൈ തുണികൾ ഉപയോഗിച്ചാണ് മാസ്കുകൾ നിർമ്മിക്കുന്നത്. ഒരു മീറ്റർ തുണികൊണ്ട് 10 മാസ്കുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. ഇത്തരം മാസ്കുകൾ പത്തു രൂപയിൽ താഴെ വരുമെന്ന് അധികൃതർ പറഞ്ഞു. മാസ്കുകൾ തയ്യാറാക്കുന്നത് ദക്ഷിണ മേഖല ഡി ഐ ജി അജയകുമാർ, ജയിൽ ജോയിന്റ് സൂപ്രണ്ട് ബിനോദ് ജോർജ്, ബി സുനിൽ കുമാർ, ഏഡിസ്റ്റർ റോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. കണ്ണൂർ വീയൂർ ജയിലിലും മാസ്ക് നിർമാണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.