സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നിരോധനാജ്ഞ പോലുള്ള കർശന നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തങ്ങൾക്കായി ഒരു വിഭാഗം ആളുകൾ ഉറക്കളച്ചിരിക്കുകയാണെന്നും അതിന് തുരങ്കം വെയ്ക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുതെന്നും, പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചിലരൊക്കെ തങ്ങൾക്ക് രോഗം വരില്ലെന്നുള്ള നിലപാടിലാണിപ്പോളുമെന്നും, കാര്യങ്ങൾ അത്തരത്തിൽ നീങ്ങിയാൽ നിരോധനാജ്ഞ പോലുള്ള നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളെ ലംഘിക്കുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സമൂഹത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള സംഭവമാണ് കാസർഗോഡ് നാം കണ്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.