കോവിഡ് 19: ആരും പട്ടിണി കിടക്കരുത്: മോദി സർക്കാരിന്റെ അടിയന്തിര പ്രഖ്യാപനങ്ങളെ കുറിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ

രാജ്യത്തു കൊറോണ വൈറസ് ഭീതി പരത്തുമ്പോൾ കേന്ദ്രസർക്കാരിന്റെ അടിയന്തിര സഹായങ്ങളെ കുറിച്ചു വിശദീകരിച്ചു കൊണ്ട് കേന്ദ്രആഭ്യന്തിരമന്ത്രി വി മുരളീധരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജാണ് നരേന്ദ്ര മോദി സർക്കാർ ഇന്ന് പ്രഖ്യാപിച്ചത്. 21 ദിവസം രാജ്യമൊട്ടാകെ സമ്പൂർണ്ണ അടച്ചിടലിൽ കഴിയുമ്പോൾ സാധാരണക്കാർക്കടക്കം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടും തൊഴിൽ നഷ്ടവും എത്രമാത്രമെന്ന് കേന്ദ്ര സർക്കാരിന് നല്ല ബോധ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ബൃഹത്തായ പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ മനുഷ്യർ, അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പോറ്റുന്നവർ, ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മാസവരുമാനക്കാർ , ദാരിദ്യ രേഖയ്ക്കു താഴെയുളള കുടുംബങ്ങളിലെ പാവപ്പെട്ട വീട്ടമ്മമാർ – പ്രധാനമായും ഇത്തരക്കാരെ ലക്ഷ്യം വെച്ചാണ് ഈ സാമ്പത്തിക പാക്കേജ്.

ലോക് ഡൗണിന്‍റെ പേരിൽ ആരും പട്ടിണി കിടക്കരുത്, ഒരു അമ്മയും കുഞ്ഞുങ്ങൾക്ക് എന്ത് വിളമ്പും എന്നോർത്ത് വേവലാതിപ്പെടരുത്. അവരുടെ ആശങ്ക മോദി സർക്കാർ കാണുന്നുണ്ട്, തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി കൂടുതൽ ഭക്ഷ്യ ധാന്യം നൽകുന്നത് . പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം രാജ്യത്തെ എട്ടു കോടി 69 ലക്ഷം കർഷകർക്കാണ് അടിയന്തര ധനസഹായം നൽകുന്നത്.മൂന്നു കോടി മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ ധനസഹായമായി നേരിട്ട് നൽകും. ജൻധൻ അക്കൗണ്ടുളള 20 കോടി വനിതകൾക്കുളള സാമ്പത്തിക സഹായം, ഉജ്ജ്വല പദ്ധതി വഴി എട്ടുകോടി പേർക്ക് മൂന്നുമാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടർ എന്നിവയെല്ലാമുണ്ട്. കൊവിഡ് രോഗത്തെ പ്രതിരോധിക്കാനുളള അക്ഷീണ പരിശ്രമത്തിലാണ് രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന അനേകർ. ഡോക്ടർമാർ, നഴ്സുമാർ, പാരാമെ‍‍‍ഡിക്കൽ ജീവനക്കാ‍‍‍ർ, ആശാ വർക്കാർമാർ എന്നിവരെയൊന്നും ഈ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല. ഊണും ഉറക്കവും ഒഴിച്ച് അവർ നടത്തുന്ന പരിശ്രമങ്ങളാണ് രോഗബാധിതരായ അനേകരുടെ ജീവൻ പിടിച്ച് നിർത്താൻ തുണയായത്. നിരീക്ഷണത്തിൽ ആശുപത്രിക്കിടക്കയിൽ കഴിയുന്ന നിരവധിപ്പേർക്ക് ആശ്വാസവും ജീവിതത്തിലേക്കുളള പച്ചത്തുരുത്തുമായത്. ഇത് തിരിച്ചറിഞ്ഞാണ് കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കും ആശാ വർക്കർമാർക്കും ശുചീകരണ തൊഴിലാളികൾക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ധനമന്ത്രിയുടെ പാക്കേജ് അവസാനത്തേതല്ല. 21 ദിവസത്തെ ലോക് ഡൗൺ വഴി നമ്മുടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക തിരിച്ചടിയും വ്യവസായ തളർച്ചയും എല്ലാം സർക്കാരിന് നല്ല ബോധ്യമുണ്ട്. അത് ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ വരും ദിനങ്ങളിലും തുടരും. കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാൻ മറ്റൊരു വഴിയും മുന്നിലില്ലെന്ന് ബോധ്യപ്പെട്ട ഘട്ടത്തിലാണ് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത്. വികസിത രാജ്യങ്ങൾ പോലും കൊവിഡിനെ പ്രതിരോധിക്കാൻ പെടാപ്പാട് പെടുമ്പോഴാണ് ഇന്ത്യപോലെ ശതകോടി ജനസംഖ്യയുളള, ജനസാന്ദ്രതയേറിയ രാജ്യത്ത് സമൂഹ വ്യാപനത്തിലേക്ക് പോലും പോകാതെ രോഗത്തെ നന്നായി പ്രതിരോധിക്കാൻ കഴിഞ്ഞത്. ഈ നില തുടർന്നാൽ കോവിഡ് പ്രതിരോധത്തിലും അതിജീവനത്തിലും ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാകാൻ നമുക്ക് കഴിയും. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ഒന്നേ അഭ്യർഥിക്കാനുള്ളൂ. പാട്ട കൊട്ടിയവർ എന്ന് നിങ്ങൾ ആക്ഷേപിച്ച പൊതുജനം എല്ലാം കാണുന്നുണ്ട്. ഭക്ഷ്യധാന്യ വിതരണത്തിലടക്കം കേന്ദ്ര സർക്കാ‍ർ നടപ്പാക്കുന്ന പദ്ധതികളെ സ്വന്തം പദ്ധതികളാക്കി പേരുമാറ്റി അവതരിപ്പിച്ച് ജനത്തിന് മുന്നിൽ കൂടുതൽ ഇളിഭ്യരാകരുത്!!