സർ ഞാൻ ചിത്തരഞ്ജൻ ബംഗാളി: ഒന്നര ദിവസമായി ഭക്ഷണം കഴിച്ചിട്ട്, കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിൽ: ഒടുവിൽ വയറു നിറച്ചു ഭക്ഷണവും ഒരു ചാക്ക് അരിയും

കോഴിക്കോട്: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം മിക്കയിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ ദുരിതത്തിലാണ്. ഇത്തരത്തിൽ വിശന്ന് വലഞ്ഞു ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി കരഞ്ഞ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് സ്റ്റേഷൻ എ എസ് ഐ ശ്രീനിവാസൻ ഭക്ഷണം വാങ്ങി നൽകി. ഫറോക്ക് നല്ലളം പോലീസ് സ്റ്റേഷനിലാണ് ഈ നന്മ നിറഞ്ഞ അനുഭവം ഉണ്ടായത്.

സർ മേ ചിത്തരഞ്ജൻ ബംഗാളി, ഏക് ഓർ ആധാ ദിൻ ഹോഗയാ മുജേ ഖാനാ നഹി മിലാ. എന്ന് അദ്ദേഹം ഹിന്ദിയിൽ പോലീസുകാരോട് പറഞ്ഞു. സർ ഞാൻ ചിത്തരഞ്ജൻ, ബംഗാളിയാണ്, ഞാൻ ഒന്നര ദിവസമായി സർ ഭക്ഷണം കഴിച്ചിട്ട്, എന്ന് കരഞ്ഞു കൊണ്ടാണ് അയാൾ പറഞ്ഞത് കരഞ്ഞു കൊണ്ടുള്ള ആ വാക്കുകൾ കേട്ടയുടൻ തന്നെ എ എസ് ഐ ശ്രീനിവാസൻ ഭക്ഷണം വാങ്ങി നൽകാനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു. ഉടനെ ചിത്തരഞ്ജൻ പറഞ്ഞത് സർ ഞാൻ മാത്രമല്ല വേറെ 25 പേർ കൂടി അരീക്കാട്ടെ വാടകവീട്ടിലുണ്ടെന്നാണ്. തുടർന്ന് ഇവർക്ക് തൽക്കാലത്തേക്ക് കുറച്ചു ഭക്ഷണം ഉണ്ടാക്കി നല്കാൻ നാട്ടുകാരനായ ഹോട്ടൽ ഉടമയായ ബിജുവിനോട് ശ്രീനിവാസൻ ആവശ്യപ്പെട്ടു.

തുടർന്ന് ഭക്ഷണം തയ്യാറാക്കി ബിജുവും കുടുംബവും സ്റ്റേഷനിൽ എത്തിച്ചു. കൂടെയുളള മറ്റു ബംഗാളികളും സ്റ്റേഷനിൽ പാത്രവുമായി എത്തുകയും അവർക്കും ഭക്ഷണം നൽകുകയും ഒരു ചാക്ക് അരി ഏർപ്പാടാക്കി നൽകുകയും ചെയ്തു. ഇത്തരത്തിൽ അന്യസംസ്ഥാനത്തു നിന്നുമുള്ള നിരവധി തൊഴിലാളികളാണ് കേരളത്തിന്റെ പല ഭാഗത്തായി ഭക്ഷണവും മറ്റുമില്ലാതെ പെട്ട് കിടക്കുന്നത്.