വയനാട് മേപ്പാടിയിൽ നാല് വയസുകാരനെ അയൽവാസി വെട്ടി കൊലപ്പെടുത്തി

കൽപ്പറ്റ : വയനാട് മേപ്പാടിയിൽ നാല് വയസുകാരനെ അയൽവാസി വെട്ടി കൊലപ്പെടുത്തി. വയനാട് നെടുമ്പാല സ്വദേശി പാറയ്ക്കൽ ജയപ്രകാശ് അനില ദമ്പതികളുടെ മകൻ ആദിദേവാണ് കൊല്ലപ്പെട്ടത്. അമ്മ അനിലയ്‌ക്കൊപ്പം അങ്കൺവാടിയിലേക്ക് പോകും വഴിയാണ് അയൽവാസിയായ ജിതേഷ് ആദിദേവിനെയും അനിലയെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ജയപ്രകാശും അയൽവാസിയായ ജിതേഷും ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ആദിദേവിനെയും അനിലയെയും വെട്ടിപ്പരിക്കേൽപ്പിച്ചതിന് ശേഷം ജിതേഷ് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.